2014 ഡിസംബർ 9, ചൊവ്വാഴ്ച

7



അനന്തരം നമുക്ക് ചിറകുകൾ മുളക്കും ..
മേഘങ്ങൾക്കു താഴെ
മുന്തിരിതോട്ടങ്ങൾ ഒഴുകുന്നത്‌
നിന്റെ കണ്ണുകളിൽ തെളിയും.

ഒലിവ് മരത്തണലിൽ
സൂഫിയുടെ സിതാറിന്റെ ഗീതം
നിന്റെ ചിറകടിയിൽ ഞാൻ കേൾക്കും .

എഴാനാകാശത്ത്,
രക്തസാക്ഷികൾ ചേക്കേറിയിടത്തെ,
പ്രണയ വൃക്ഷത്തിന്റെ ഇലകൾ 
ഞാൻ നിനക്ക് സമ്മാനിക്കും,

ഇവിടെ,
ഈ വലക്കണ്ണികൾക്കപ്പുറത്തേക്കു
പറക്കാൻ മാത്രം, പക്ഷേ,
മരണത്തിന്റെ ചിറകിലേറണമല്ലോ പെണ്ണേ..

6


നിങ്ങളാണ്,
ടൈഗ്രിസിൻ തീരത്തെ ഈത്തപ്പനയോലകളുടെ
തണലരിഞ്ഞ്‌ നിഴൽ മാത്രമാക്കിയത്.
നിങ്ങളാകുന്നു ,വിശുദ്ധ യുദ്ധത്തിൽ 
കുഴിബോംബുകളിൽ ഉറങ്ങേണ്ടവർ.

ഞങ്ങൾ പാതയിൽ മുള്ള് വിതറിയെന്നോ..?
പ്രവാചകരെ ഒറ്റിക്കൊടുത്തെന്നോ..

വിശുദ്ധരാണ് ഞങ്ങൾ,
നദിക്കരയിലെ സ്വർണമലയുടെ അവകാശികൾ ..
ശപിക്കപ്പെട്ടവർ നിങ്ങളെന്ന്,
പടിഞ്ഞാറൻ ചക്രവാളത്തിൽ
രക്തക്കറയിലെഴുതിയത് വായിക്കൂ..
കുർദിന്റെ അതിരിൽ ആരാണ്
പോയകാലത്തിന്റെ ഈണം വായിക്കുന്നത്..?
സമാധാനത്തിന്റെതാണ് ആ ശബ്ദമെന്നോ ..?
സുഹൃത്തേ, ആ തോക്കിങ്ങു തരൂ..
ഈ ഗീതം മറന്ന് ബാഗ്ദാദ് കടക്കാനുള്ളതാണ്.
കുർദ് തകർക്കാനുള്ളതാണ്..
സുഹൃത്തേ, ആ തോക്കിങ്ങു തരൂ..

2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച

5


യുദ്ധത്തിനവസാനം 
ധർമ്മത്തിന്റെ മരണശേഷവും 
പുക തെളിയുമ്പോളൊരു 
ഒറ്റയടിപ്പാത ജനിക്കുന്നുണ്ട്. 

വിഭ്രാന്തിയിൽ നിന്ന് 
മൗനത്തിലേക്കു നീളുന്നത്,
ബോധി വൃക്ഷത്തിന്റെ 
എന്നോ വെട്ടി മാറ്റപ്പെട്ട 
തണലിലവസാനിക്കുന്നത്..

4

വെളിച്ചത്തിന്റെയീ
തടവറയിൽ നിന്നെന്നെ
മോചിപ്പിച്ചേക്കുക,
ഒരേ ഇരുട്ടിൽ നിശബ്ദനായി
നീയെന്ന ഗീതം കേൾക്കട്ടെ,

നിന്നിലാഴ്ന്ന വേരിൽ നിന്നെന്നെ
പറിച്ചെറിഞ്ഞേക്കുക,
നീയായിരുന്നു ദാഹമെന്ന്
ഞാനറിയട്ടെ..

2014 സെപ്റ്റംബർ 27, ശനിയാഴ്‌ച

3




ഇനി വരക്കാനുള്ളത്
വരമ്പുകളില്ലാത്ത ഭൂപടമാണ്.
ഗംഗയും നൈലും
ഒന്നിച്ചൊഴുകുന്നത്,
അതിരുകൾ പൊട്ടിച്ച്
കടലിലൊഴുക്കിയത്.

നിറത്തിന്റെ ഭാഷയെ,
വിശപ്പിന്റെ കാഴ്ച്ചയെ,
മരുഭൂവിലയച്ച്
കാറ്റിൽ പറത്തണം

പൗരനെന്ന വാക്കിനെ 
ഞെരിച്ച് കൊല്ലണം..

2


എനിക്കറിയാം,
രണ്ടു നദികൾക്കിടയിൽ
നിദ്ര മൂടിയ ദേശത്തു നിന്നാണ്
നീ വരുന്നതെന്ന്.
കണ്ണുകളിലെ ചുവപ്പിന്
സ്വർഗത്തിലെ ശാന്തതയാണെന്ന്.
നിന്റെ കയ്യിലെ കാരക്കപ്പൊതിക്ക്,
പട്ട് മിന്നുന്ന ഉറുമാലിന്,
ഇരുട്ടിൻറെ മണമാണെന്ന്

നിന്റെ ഹൃദയത്തിലേത്
ഖബറിലെ മിടിപ്പാണെന്ന്..
എന്നിട്ടും മരണമേ,
ഞാൻ വരുന്നത്
നിന്റെ പുതപ്പിന്റെ തണുപ്പറിഞ്ഞിട്ടാണ്..



1

രക്തസാക്ഷികളേ..
വർണക്കിളികളായി നിങ്ങൾ 
സ്വർഗ്ഗത്തിൽ പാറി നടക്കും, 
ഹൂറുലീങ്ങൾ നിങ്ങളുടെ 
പാട്ടുകൾക്കായി കാതോർക്കും, 
യൂഫ്രെട്ടീസിനും ടൈഗ്രീസിനും അക്കരയ്ക്ക്
ഞങ്ങളെ കൈ പിടിച്ചു നടത്തും,

എന്നിട്ടും,
നെഞ്ചിലെ മിടിപ്പായേറ്റീട്ടും
യാത്ര പറഞ്ഞില്ലല്ലോ നിങ്ങൾ..